x
NE WS KE RA LA
National

ഗാസ മുനമ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും;ബെന്യമിന്‍ നെതന്യാഹു

ഗാസ മുനമ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും;ബെന്യമിന്‍ നെതന്യാഹു
  • PublishedMay 20, 2025

ടെല്‍ അവീവ്;ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ”പോരാട്ടം ശക്തമാണ്. ഗാസ മുനമ്പിന്റെ മുഴുവന്‍ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. ഞങ്ങള്‍ പിന്‍മാറില്ല. പക്ഷേ വിജയിക്കണമെങ്കില്‍, തടയാന്‍ കഴിയാത്ത രീതിയില്‍ നമ്മള്‍ പ്രവര്‍ത്തിക്കണം” – എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ നെതന്യാഹു പറഞ്ഞു.

ലോകരാജ്യങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയതോടെ പരിമിതമായ അളവില്‍ ഭക്ഷ്യവസ്തുക്കള്‍ ഗാസയിലേക്ക് കടത്തിവിടാന്‍ അനുവദിക്കുമെന്ന പ്രഖ്യാപനവുമായി നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. ഹമാസ് ജനങ്ങളെ കൊള്ളയടിക്കുന്നത് തടയാനാണ് തങ്ങളുടെ നീക്കമെന്നും ഭക്ഷ്യവസ്തുക്കളുടെ വിതരണച്ചുമതലയില്‍നിന്ന് ഹമാസിനെ അകറ്റിനിര്‍ത്തുമെന്നും നെതന്യാഹു പറഞ്ഞു.

ഗാസ മുനമ്പ് മുഴുവന്‍ പിടിച്ചെടുക്കാനും അതിന്റെ മേല്‍ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം നിലനിര്‍ത്താനും ലക്ഷ്യമിട്ട് ഇസ്രയേല്‍ തങ്ങളുടെ സൈനിക നടപടികള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. സൈന്യം പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെ വിളിക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി നേരത്തെ പറഞ്ഞിരുന്നു.

20 ലക്ഷത്തിലധികം പേര്‍ പാര്‍ക്കുന്ന ഗാസയിലേക്ക് ഇസ്രയേല്‍ ഉപരോധംമൂലം മാര്‍ച്ച് രണ്ട് മുതല്‍ ഭക്ഷണമോ വെള്ളമോ ഇന്ധനമോ അവശ്യസാധനങ്ങളോ എത്തുന്നില്ല. കരയാക്രമണം ശക്തമായതോടെ വടക്കന്‍ ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ വിട്ടതിനു പിന്നാലെയാണ് ഇസ്രയേല്‍ ഗാസയില്‍ പുതിയ സൈനിക നടപടി പ്രഖ്യാപിച്ചത്. ഖത്തറിന്റെ സാന്നിധ്യത്തില്‍ ദോഹയില്‍ സമാധാനചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *