x
NE WS KE RA LA
Kerala Latest Updates

വയനാട് : മുണ്ടക്കയിൽ തിരച്ചിൽ പത്താം ദിവസം; ഇന്ന് വനത്തിൽ തിരച്ചിൽ – കാണാതായവർ 100 ലേറെ

വയനാട് : മുണ്ടക്കയിൽ തിരച്ചിൽ പത്താം ദിവസം; ഇന്ന് വനത്തിൽ തിരച്ചിൽ – കാണാതായവർ 100 ലേറെ
  • PublishedAugust 8, 2024

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസമായ ഇന്നും തുടരും. ബുധനാഴ്ച മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്‍റെ പരിശോധന ഇന്നും ഉണ്ടാകും.തിരച്ചിലിനു കഡാവർ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചും പതിവു തിരച്ചില്‍ നടത്തും. ആറ് സോണുകളായി തിരിഞ്ഞാണു തിരച്ചില്‍. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനു മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും നടക്കും. കഴിഞ്ഞ ദിവസം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം നാലു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍നിന്നുള്ള 1026 പേരാണ് ബുധനാഴ്ചയും തിരച്ചിലില്‍ വ്യാപൃതരായത്. കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍മി, എന്‍ഡിഎംഎ റെസ്ക്യൂ സംഘം, ഡെല്‍റ്റ സ്ക്വാഡ്, എസ്‌ഒജി, കേരള, തമിഴ്നാട് ഫയര്‍ റെസ്ക്യു ടീമുകള്‍, കെ 9 ഡോഗ് സ്ക്വാഡ്, വനം തുടങ്ങിയ സേനാവിഭാഗങ്ങളും ചൂരല്‍മല സൂചിപ്പാറ മുതല്‍ ചാലിയാറിന്‍റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം 80 ടീമുകളിലായി 524 സന്നദ്ധപ്രവര്‍ത്തകരും ദുരന്തബാധിത പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.

ചാലിയാര്‍ പുഴയില്‍ ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹവും നാല് ശരീരഭാഗങ്ങളും രക്ഷാസേനകള്‍ കണ്ടെടുത്തിരുന്നു. ചാലിയാറിന്‍റെ ഇരുട്ടുകുത്തിയില്‍നിന്നു രണ്ടും വാണിയംപുഴ പനങ്കയം ഭാഗങ്ങളില്‍നിന്ന് ഓരോ ശരീരഭാഗവുമാണ് കണ്ടെത്തിയത്. നിലമ്പൂര്‍ ചാലിയാര്‍ മുക്കില്‍നിന്നു നാനൂറ് മീറ്റര്‍ താഴെയായി മഞ്ചേരിയില്‍നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലില്‍ അരയ്ക്കു മുകളിലേക്കുള്ള ഒരു പുരുഷന്‍റെ മൃതദേഹവും കണ്ടെടുത്തു. വൈകുന്നേരം തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ പോത്തുകല്‍ സിഐ ദീപക് കുമാറിന്‍റെ നേതൃത്വത്തില്‍ ഇരുട്ടുകുത്തി മുതല്‍ വാണിയംപുഴ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ തോട്ടം വരെ ചാലിയാറിന്‍റെ ഇരുതീരങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നു. ഇരുട്ടുകുത്തിയില്‍നിന്നു താഴേക്കുള്ള ഭാഗങ്ങളില്‍ അൻപത് അംഗ എംഎസ്പി സേനയും അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും തിരച്ചില്‍ നടത്തി. പോത്തുകല്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായ തിരച്ചിലും ബുധനാഴ്ച നടന്നു.

Leave a Reply

Your email address will not be published. Required fields are marked *