വയനാടൻ ചുരത്തിൽ – കുരിശിൻ്റെ വഴി ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട് : വയനാടൻ ചുരത്തിൽ കുരിശിന്റെ വഴിയുടെ 34 -ാംമത് ദുഃഖവെള്ളി ആചരണത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ക്രൈസ്‌തവരുടെ വലിയ നോമ്പിലെ പ്രധാന ദിനമായ ദുഖവെള്ളിയിൽ, അടിവാരം ഗ്രോട്ടോയിൽ നിന്നും രാവിലെ മുതൽ വിശ്വാസികൾ ഒരു വരിയായി ചുരത്തിലെ കാനന പാതകൾ താണ്ടും. കൂടാതെ ഗദ്സമേൻ ഗ്രോട്ടോയിൽ രാവിലെ 7 മണിക്ക് റവ. ഫാദർ ജോയി ചെറുവത്തൂർ V.C (വിൻസൻഷ്യൻ ആശ്രമം പുതുപ്പാടി) പീഢാനുഭവ പ്രാർത്ഥനകളും സന്ദേശവും നൽകും. 9:30 – മണിക്ക് റവ. ഡോ. ജോസി താമരശ്ശേരി CMI (CMI ജനറാൾ ഹൗസ് കാക്കനാട്) ദുഃഖവെള്ളി സന്ദേശം നൽകും. തുടർന്ന് യേശുവിൻ്റെ ഗാഗുൽത്താ മലയിലേക്കുള്ള പീഢാനുഭവ യാത്രയെ അനുസ്‌മരിച്ച് അടിവാരം ഗെദ്സമേൻ ഗ്രോട്ടോ മുതൽ ലക്കിടി മൗണ്ട് സീനായി ദേവാലയം വരെ ഫാദർ തോമസ് തുണ്ടത്തിലിന്റെയും വൈദീകരുടേയും, സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തിൽ 15 കിലോമീറ്റർ ദൈർഘ്യമുള്ള കുരിശിൻ്റെ വഴി നടത്തപ്പെടും.
51 പേർ അടങ്ങുന്ന വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾക്ക് റവ. ഫാദർ തോമസ് തുണ്ടത്തിൽ സിഎംഐ, ഫാദർ ഷിൻ്റോ അരഞ്ഞാനിയിൽ സിഎംഐ, ഫാദർ അൻവിൻ മണ്ണൂർ സിഎംഐ, ഫാദർ ടിജോ (St. Paul), ജോസ് അഗസ്റ്റിൻ കീപ്പുറത്ത് പാലാ, ജോവിറ്റ് താഴത്തുപറമ്പിൽ, സിസ്റ്റർ ജീന, ടിൻ്റു ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകും.
യാത്രയിൽ വിവിധ ഭക്ത സംഘടനകളുടെ നേത്യത്വത്തിൽ ജലപാനീയങ്ങളും, ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ മെഡിക്കൽ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഫാദർ തോമസ് തുണ്ടത്തിൽ സിഎംഐ, ഫാദർ അൻവിൻ മണ്ണൂർ സിഎംഐ , ജോസ് അഗസ്റ്റിൻ കീപ്പുറത്ത് പാലാ, വിൽസൺ തോമസ് തുണ്ടത്തിൽ, ടിൻറ്റു ജേക്കബ് കോഴിക്കോട് തുടങ്ങിയവർ പങ്കെടുത്തു.