x
NE WS KE RA LA
Uncategorized

വയനാട് ഡി സി സി ട്രഷറർ ആത്മഹത്യ ; ജാമ്യം തേടി നേതാക്കൾ

വയനാട് ഡി സി സി ട്രഷറർ ആത്മഹത്യ ; ജാമ്യം തേടി നേതാക്കൾ
  • PublishedJanuary 10, 2025

കൽപറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും കൽപറ്റ ജില്ലാ സെഷൻസ് കോടതിയേയും കെ.കെ. ഗോപിനാഥൻ ഹൈക്കോടതിയേയും ആണ് സമീപിച്ചിരിക്കുന്നത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ മൂവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്.

ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്നാണ് വിജയൻ ആത്മഹത്യ കുറിപ്പിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എംഎൽഎ ആണെന്ന് ആരോപിക്കുന്ന കത്തിൽ ഈ വിവരങ്ങളെല്ലാം കെപിസിസി നേതൃത്വത്തിന് അറിയാമെന്നും വ്യക്തമാക്കുന്നുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്നു നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകൾ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എഴുതി വിജയൻ‌ സൂക്ഷിച്ചിരുന്നു.

ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടതിനു പിന്നാലെ എൻ.എം. വിജയൻ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടു. ഇതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ കൂടി ഉൾപ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷൻ കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പൊലീസ് അപേക്ഷ നൽകി. എൻ.എം. വിജയന്റെ ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത് . ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനും ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *