വയനാട് -തിരച്ചിൽ 9 ആം നാൾ :152 പേരെ കണ്ടെത്തണം ; വിവിധ വകുപ്പ് മേധാവികൾ മേൽനോട്ടം
കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്റെ ഒന്‍പതാം ദിവസവും കാണാതായവര്‍ക്ക് വേണ്ടി ഉള്ള തിരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റര്‍ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റര്‍ ദൂരം പരിശോധന നടത്താനാണ് തീരുമാനമം. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ 152 പേരെയാണ് കാണാതായതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
ഇവരുടെ പേരും വിലാസവും ഫോട്ടോയും ഉള്‍പ്പടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. കാണാതായവരുടെ ബന്ധുക്കള്‍ ഡി എന്‍ എ പരിശോധനയ്ക്കായി രക്തസാമ്ബിളുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരിച്ചറിയാത്ത 44 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളും ഇതുവരെ സംസ്‌ക്കരിച്ചതായി മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ ഇതുവരെ 224 മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ചൊവ്വാഴ്ച സണ്‍റൈസ് വാലിയില്‍ പരിശോധന നടത്തിയെന്നും നിലമ്ബൂരില്‍ രണ്ട് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയെന്നും മന്ത്രി കെ രാജന്‍ അറിയിച്ചിരുന്നു. തെരച്ചില്‍ ഇന്നും തുടരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.