വാളയാര്‍ കേസ്; മാതാപിതാക്കൾക്കെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി എടുത്തിരിക്കുന്നത്. കൂടാതെ മാതാപിതാക്കൾക്കെതിരെ ഒരു നടപടികളും പാടില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം നൽകി. മാതാപിതാക്കള്‍ വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഇളവ് നൽകി. ഹര്‍ജിയില്‍ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേള്‍ക്കുകയും ചെയ്യും.
തങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി ‘ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണ് എന്നാണ് ഹര്‍ജിയില്‍ മാതാപിതാക്കൾ പറയുന്നത്. പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയതെന്നും. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹര്‍ജിയില്‍ മാതാപിതാക്കൾ വാദിച്ചത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് മറുപടി തേടി. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ചതില്‍ ആറ് കേസുകളിലാണ് മാതാപിതാക്കളെ പ്രതിചേര്‍ത്തിരിക്കുന്നത്.