ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാന്‍ വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖം ഏഷ്യയുടെ ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പിലാണ്. 2030-ഓടെ വിഴിഞ്ഞം കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ നിര്‍വ്വഹിച്ചു. തീരത്തെത്തിയ സാന്‍ ഫര്‍ണാണ്ടോ കപ്പലിനും ക്യാപ്റ്റനും സ്വീകരണമുണ്ടാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്‌നറുകള്‍ ഇറക്കി സാന്‍ ഫെര്‍ണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.
5552 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ തുറമുഖ നിര്‍മാണത്തിനു വേണ്ടി മാത്രം ചെലവഴിച്ചിട്ടുണ്ടായിരുന്നത്. പി.പി.പി. മാതൃകയില്‍ ആണ് പണി പൂര്‍ത്തിയാക്കിയത്. ഇത് പൂര്‍ണമായും ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമായി രൂപകല്പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ തുറമുഖമാണ്. അദാനി ഗ്രൂപ്പ് 10,000 കോടി രൂപയാണ് അടുത്തഘട്ടത്തില്‍ തുറമുഖ വികസനത്തിനു വേണ്ടി മാത്രം ചിലവാക്കുക. ഒരേ സമയം രണ്ടു കപ്പലുകള്‍ക്ക് അടുക്കാനാകുന്ന 800 മീറ്റര്‍ ബെര്‍ത്താണ് നിലവില്‍ ഇവിടെയുള്ളത്. അഞ്ചു വലിയ കപ്പലുകള്‍ക്ക് ഒരേസമയം ബെര്‍ത്ത് ചെയ്യാന്‍ പറ്റുന്ന സംവിധാനമാണ്.
ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ട്. മുന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും. എന്നാല്‍ പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ച് സ്ഥലം എംപി ശശി തരൂര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഓദ്യോഗിക ക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടി ലത്തീന്‍ അതിരൂപത പ്രതിനിധികളും ചടങ്ങിലേക്ക് എത്തില്ല.