വിനേഷ് ഫോട്ടിവ്‍റെ അയോഗ്യത; രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം.സിപിഐ എംപി പി.സന്തോഷ് കുമാര്‍ ആണ് സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഒറ്റ ദിവസംകൊണ്ട് വിനേഷിന്‍റെ ഭാരം ക്രമാതീതമായി വര്‍ധിച്ചതില്‍ വ്യക്തത വേണം. പരിശീലകന്‍, ഡയറ്റീഷ്യൻ, മെഡിക്കല്‍ സംഘം എന്നിങ്ങനെ എല്ലാ സംവിധാനങ്ങളും ഉള്ളപ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു അപാകത സംഭവിച്ചതെന്ന് കേന്ദ്രം വിശദീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തില്‍ കുറിച്ചാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.