കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും പിടിയില്‍.

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലന്‍സിന്റെ പിടിയില്‍. പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലിയാണ് ഇവർ ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. കാലടി ചൊവ്വര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസ്, മുന്‍ അസിസ്റ്റന്റ് തമ്പി എന്നിവരെയാണ് എറണാകുളം വിജിലന്‍സ് സംഘം പിടികൂടിയത്.
കാക്കനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. പരാതിക്കാരന്റെ ചൊവ്വരയിലുള്ള 1.24 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് ചൊവ്വര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തമ്പിയും നവാസും കൂടി ഏപ്രില്‍ 24-ന് സ്ഥലപരിശോധനയ്ക്ക് എത്തുകയും. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. പണമില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. പട്ടയത്തിന് കാലതാമസം വന്നപ്പോള്‍ പരാതിക്കാരന്‍ ഉദ്യോഗസ്ഥരെ ഫോണ്‍ ചെയ്ത് അന്വേഷിച്ചു. അപ്പോഴും 10,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വില്ലേജ് അസിസ്റ്റന്റായിരുന്ന തമ്പി ഏപ്രില്‍ 30-ന് സര്‍വീസില്‍നിന്ന് വിരമിച്ചു. പരാതിക്കാരന്‍ ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുമ്പോഴും വിരമിച്ച കാര്യം പറഞ്ഞിരുന്നില്ലെന്ന് വിജിലന്‍സ് പറഞ്ഞു. അതിനിടെ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4-ന് ചൊവ്വര വില്ലേജ് ഓഫീസിനു സമീപംവെച്ച് പരാതിക്കാരനില്‍നിന്നു 10,000 രൂപ കൈക്കൂലി വാങ്ങവേയാണ് തമ്പിയെ പിടികൂടിയത്. ഇതിനുസമീപത്തുണ്ടായിരുന്ന നവാസിനെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.