വിലങ്ങാട് കാട്ടുതീ നിയന്ത്രണവിധേയമാക്കി; അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു

കോഴിക്കോട്: വിലങ്ങാട് വനഭൂമിയില്‍ ഉണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായി. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഉണ്ടായ കാട്ടുതീ രാത്രിയോട് കൂടി തെക്കേ വായാട്ട് കൃഷിയിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. റബ്ബര്‍, കശുമാവ് തുടങ്ങിയവ ധാരാളമുള്ള കൃഷി മേഖലയിലാണ് രാത്രിയോടെ തീ പടര്‍ന്നത്. അഞ്ച് ഏക്കറോളം കൃഷിയിടം കത്തി നശിച്ചു. അര്‍ദ്ധരാത്രിയോടെയാണ് നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. നരിപ്പറ്റ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ തെക്കേ വായാടായിരുന്നു ആദ്യം തീപിടിത്തമുണ്ടായത്. പാറക്കെട്ടുകള്‍ നിറഞ്ഞ വനഭൂമിയിലെ ഉണങ്ങിയ പുല്ലുകളില്‍നിന്ന് തീ ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയിലും മറ്റും വിവരം അറിയിക്കുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയിലെ ഉണങ്ങിയ പുല്ലുകള്‍ക്ക് എല്ലാ വര്‍ഷവും തീപിടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.