കെട്ടിട പെര്‍മിറ്റിനായി ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങി;പഞ്ചായത്ത് ഓവര്‍സിയറെ പിടികൂടി വിജിലന്‍സ്

പാലക്കാട്: കെട്ടിട പെര്‍മിറ്റിനായി ഉടമയില്‍നിന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പഞ്ചായത്ത് ഓവര്‍സിയറെ വിജിലന്‍സ് പിടികൂടി. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവര്‍സിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ചടയന്‍ കാലായി സ്വദേശി ഗാന്ധിരാജിന്റെ പരാതിയിലാണ് നടപടി. കെട്ടിട പെര്‍മിറ്റിനായി അപേക്ഷിച്ചപ്പോള്‍ ധനേഷ് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ഗാന്ധിരാജിന്റെ പരാതി. ആദ്യം 10,000 രൂപയും പെര്‍മിറ്റ് ലഭിക്കുമ്പോള്‍ 10,000 രൂപയും നല്‍കണമെന്നായിരുന്നു ഓവര്‍സിയര്‍ ആവശ്യപ്പെട്ടത്. കൈക്കൂലി ചോദിച്ച് പെര്‍മിറ്റ് നടപടികള്‍ വൈകിച്ചെന്നാണ് ഗാന്ധിരാജ് വിജിലന്‍സില്‍ പരാതിപ്പെട്ടത്.
പ്രതിയെ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്‍, ഇന്‍സ്‌പെക്ടര്‍മാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.