തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് തുടരുകയാണ്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. തെളിവെടുപ്പിൽ ലത്തീഫിന്റെ മൊബൈൽഫോണും അലമാരയുടെ താക്കോലും കണ്ടെത്തി.
ലത്തീഫിന്‍റെ വീട്ടിൽ 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയിൽ ഇരുന്ന ലത്തീഫിനെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നെത്തിയ ഭാര്യയെയും അഫാൻ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു . വീട്ടിലെ അലമാരയുടെ താക്കോലും കാറിന്റെ താക്കോലും മൊബൈൽ ഫോണും അഫാൻ കൈക്കലാക്കി. കൊലപാതകത്തിന് ശേഷം ഇത് വീടിന്റെ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. തിരിച്ചിലിനൊടുവിൽ ഇതും പൊലീസ് കണ്ടെടുത്തു.
ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം അഫാന്‍ സ്വന്തം വീട്ടിലെത്തുകയും പെൺസുഹൃത്ത് ഫർസാനയെയും അനിയനെയും കൊലപ്പെടുത്തുകയും ചെയ്തു. താൻ കൊലപാതകങ്ങൾ ചെയ്തുവെന്ന് ഫർസാനയോട് വെളിപ്പെടുത്തിയിരുന്നെന്നും തുടർന്നാണ് ഫർസാനയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം, അഫാനെ കാണണമെന്ന് ചികിത്സയിലുള്ള മാതാവ് ഷെമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷെമിയെ റൂമിലേക്ക് മാറ്റി. ഷെമിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അഫാന്റെ കൊലപാതക പരമ്പരയെ കുറിച്ച് ഷെമിയെ ബന്ധുക്കൾ അറിയിക്കുകയും ചെയ്തു.