തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞു വീണു. ഇന്ന് രാവിലെ ഏഴ് മണിക്ക് അഫാനുമായി തെളിവെടുപ്പ് നടക്കാനിരിക്കേയാണ് സംഭവം ഉണ്ടായത്. പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ ആണ് കുഴഞ്ഞുവീണത്. പ്രതി ജീവനൊടുക്കാൻ പ്രവണതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയത്. എന്നാൽ പ്രാഥമികകൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോൾ അഫാൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഉടൻ തന്നെ പ്രതിയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും. ബിപി വേരിയേഷനാകാം തല കറങ്ങാനുള്ള കാരണം എന്ന് ഡോക്ടർമാർ പറയുന്നു.
അതേ സമയം ഇന്ന് രാവിലെ പിതൃമാതാവിന്റെ പാങ്ങോടുള്ള വീട്ടിലും. കൊല്ലാനുപയോഗിച്ച ചുറ്റിക വാങ്ങിയ കട, മാല പണയം വെച്ച ഫിനാൻസ് എന്നിവിടങ്ങളിലും അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തും. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തി. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിരിക്കുകയാണ്.
ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു .