‘കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പെട്ടപ്പോൾ ഇങ്ങനെ അല്ലായിരുന്നു, ഇപ്പോൾ എന്താണ് ഈ വ്യത്യാസം’?: വി.ഡി. സതീശൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് പ്രതിചേർത്തതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
രാജിവയ്‌ക്കേണ്ടത് മുഖ്യമന്ത്രിയുടെ ധാർമിക ഉത്തരവാദിത്തമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അതേസമയം വീണയ്ക്ക് വിശദീകരണം നൽകാനുള്ള അവസരം നൽകിയ ശേഷമാണ് എസ്എഫ്‌ഐഒ അവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ധാർമിക പിന്തുണയില്ല. പണ്ട് ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്തമുള്ളവർ രാജിവച്ച ചരിത്രം നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ട്. അതനുസരിച്ച് രാജിവയ്ക്കുകയാണ് ഏറ്റവും ഉചിതം. അധികാരത്തിൽ തുടർന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
കേസിന്റെ തുടക്കം മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ മകളോ ഉൾപ്പെട്ടതുകൊണ്ടല്ലെന്നും സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന്റെ സ്റ്റാറ്റിയൂട്ടറി ബോഡി നടത്തിയ കണ്ടെത്തലാണ് ഇതിന് ആരാധമായിരിക്കുന്നത്.
അതിന്റെ തുടർച്ചയായാണ് എസ്എഫ്‌ഐഒ അന്വേഷണം നടത്തി പ്രതിചേർത്തത്. ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടും കാര്യമുണ്ടായിരുന്നില്ല.
ഈ കേസിൽ വിജിലൻസ് കേസ് അഴിമതി തടയൽ നിയമം അനുസരിച്ചുള്ള തെളിവുകൾ വേണം. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിയമം അനുസരിച്ചുള്ള കേസാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ‘ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം തെളിവില്ലെന്ന് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ നിയമം ഇവിടെ ബാധകമാണ്. അതനുസരിച്ചാണ് എസ്എഫ്‌ഐഒ കമ്പനി നിയമത്തിലെ സെക്ഷൻ 447 പ്രകാരം തട്ടിപ്പ് കണ്ടെത്തി വീണയെ പ്രതിചേർത്തത്.
യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന പവൻകുമാർ ബൻസാലിന്റെ ബന്ധു ഒരു അഴിമതിക്കേസിൽ പെട്ടപ്പോൾ, അദ്ദേഹത്തിന് പങ്കില്ലെങ്കിലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഎം ആയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽ പെട്ടപ്പോൾ ഇതല്ലായിരുന്നല്ലോ നിലപാട്. ഇപ്പോൾ എന്താണ് ഈ വ്യത്യാസം എന്നാണ് വിടി സതീശൻ ചോദിക്കുന്നത്.