വിനോദ സഞ്ചാരികളെ മര്‍ദിച്ച് മൊബൈലടക്കം കവര്‍ന്നു; മൂന്നു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ വിനോദ സഞ്ചാരികളായ യുവാക്കളെ മര്‍ദിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചു. തുടര്‍ന്ന് യുവാക്കളെ വിവസ്ത്രരാക്കി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവവെണ്‍കുളം സ്വദേശിയായ ജാസിം മന്‍സിലില്‍ ജാഷ് മോന്‍(32) , വര്‍ക്കല ജനാര്‍ദ്ദനപുരം പാപനാശത്ത് പാറവിള വീട്ടില്‍ വിഷ്ണു (31), മണമ്പൂര്‍ തൊട്ടിക്കല്ല് നന്ദു( 29) എന്നിവരെയാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് 1.30ന് കാപ്പില്‍ ബീച്ചില്‍ വെച്ചാണ് സംഭവം. ബീച്ചിലെത്തിയ വര്‍ക്കല ചെമ്മരുതി സ്വദേശികളായ ബിജോയിയും (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്. യുവാക്കളെ വഴിയില്‍ തടഞ്ഞ് മൂന്നംഗ സംഘം മര്‍ദിക്കുകയും ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കഴുത്തിന് ചേര്‍ത്ത് പിടിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ച്ച നടത്തുകയും ചെയ്തു.