വടകര ബാങ്ക് സ്വർണ്ണത്തട്ടിപ്പ് : മധ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും മുൻ മാനേജറുമായ മധു ജയകുമാറിനെ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേടതിയിൽ ഹാജരാക്കും. തെലങ്കാനയില്‍ നിന്നും പിടികൂടിയ പ്രതിയെ ഇന്നലെ വൈകിട്ടോടെയാണ് വടകരയിലെത്തിച്ചത്. വടകര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിയ കേസില്‍ ഒളിവിലായിരുന്ന ഇയാള്‍ അടിപിടി കേസില്‍ തെലങ്കാന പോലീസിൻ്റെ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് വടകര പോലീസിനെ ഇവർ ബന്ധപ്പെടുകയായിരുന്നു. വൻ തട്ടിപ്പാണ് പ്രതി ബാങ്കില്‍ നടത്തിയത്. വടകര സിഐയുടെ നേതൃത്വത്തില്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 42 അക്കൗണ്ടുകളിലായി പണയം വെച്ച 26.24 കിലോ സ്വർണം നഷ്ടമായെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം ബാങ്കില്‍ ഉണ്ടായ സ്ഥലം മാറ്റമാണ് തട്ടിപ്പ് പൊളിയാൻ കാരണം. പുതുതായെത്തിയ മാനേജർ നടത്തിയ റീ അപ്രൈസല്‍ നടപടിയിലാണ് ക്രമക്കേട് പുറത്തായത്. ഉടൻ ബാങ്ക് ഹെഡ് ഓഫീസിലും പൊലീസിലും വിവരം അറിയിച്ചു. അപ്പോഴേക്കും ഫോണ്‍ സ്വിച്ച് ഓഫാക്കി പ്രതി മുങ്ങിയിരുന്നു. ഇയാള്‍ തട്ടിപ്പ് നടത്തി കടത്തിയ സ്വർണം ഉള്‍പ്പെടെയുള്ളവ കണ്ടത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം മധു ജയകുമാർ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പരാമർശിച്ച കാര്യങ്ങളെക്കുറിച്ചും സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന് ബാങ്കിൻ്റെ വടകര ശാഖയുമായി ഇടപാടുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും അക്കൗണ്ടുകളിലെ സ്വർണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരൻ പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. 42 അക്കൗണ്ടുകളുടെ വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്.