x
NE WS KE RA LA
Obituary

അഴിമതി ആരോപണത്തിൽ മനം നൊന്തു; കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത നിലയിൽ

അഴിമതി ആരോപണത്തിൽ മനം നൊന്തു; കണ്ണൂർ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത നിലയിൽ
  • PublishedOctober 15, 2024

കണ്ണൂർ: കണ്ണൂർ അ‍‍ഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ രൂക്ഷമായ വിമര്‍ശനവും അഴിമതി ആരോപണവും ഉന്നയിച്ചതിന് പിന്നാലെയാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യ. കണ്ണൂര്‍ തളാപ്പിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ക്ഷണിക്കാതെ യോഗത്തിനെത്തിയ ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *