കൊച്ചി: കേരള ഹൈക്കോടതിക്ക് സമീപമുള്ള മംഗളവനത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഹൈക്കോടതിക്ക് പിന്നിലായുള്ള സംരക്ഷിത മേഖലയായ മംഗളവനത്തിന്‍റെ ഉള്ളിലായാണ് സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയിൽ കോര്‍ത്ത നിലയിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
സുരക്ഷാ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്കനാണ് മരിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്ത് സിസിടിവി ഇല്ല.
രാത്രിയിൽ ആളുകളെ ഇവിടേക്ക് കയറ്റാറില്ല. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദുരൂഹ മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും കൊച്ചി ഡിസിപി കെഎസ് സുദര്‍ശൻ പറഞ്ഞു. രാവിലെ ആളുകള്‍ നടക്കാനിറങ്ങുന്ന സ്ഥലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.