മുള്ളേരിയ: നിയന്ത്രണം വിട്ട് ഉരുണ്ട കാറിനടിയിൽപ്പെട്ട് അപകടം. രണ്ടുവയസ്സുകാരി മരിച്ചു. മുള്ളേരിയ ബെള്ളിഗയിലെ എം. ഹരിദാസിന്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം ഉണ്ടായത്. സ്റ്റാർട്ടാകാത്ത കാർ തള്ളവെ മുന്നോട്ട് നീങ്ങിയ കാറിനടിയിൽ കുഞ്ഞ് പെടുകയും അമ്മ തെറിച്ചുവീഴുകയുമായിരുന്നു. അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറ് വീട്ടിലേക്ക് ഇറക്കവെ മഴവെള്ളം ഒഴുകിപ്പോകാൻ ഉണ്ടാക്കിയ ചാലിൽ ടയർ കുടുങ്ങി എൻജിൻ നിന്നു. വീട് തൊട്ടടുത്തയതിനാൽ അമ്മ ചെറിയമകളെയും എടുത്ത് ഇറങ്ങി നടക്കുകയായിരുന്നു . മൂത്തമകൾ ദേവനന്ദ കാറിനകത്തായിരുന്നു.
കാർ കുഴിയിൽനിന്ന് പുറത്തിറക്കാനായി ഹരിദാസ് ഡ്രൈവർസീറ്റിൽ നിന്ന് ഇറങ്ങി തള്ളുന്നതിനിടെ ഇറക്കത്തിൽ ഉരുണ്ട് പോയി മറിയുകയായിരുന്നു. കാറിനകത്തുണ്ടായിരുന്ന മൂത്ത കുട്ടി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ മുള്ളേരിയ സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.