ആദിവാസി യുവാവിൻ്റെ മരണത്തിൽ കൽപ്പറ്റ പോലീസ് സ്റ്റേഷനലിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കല്‍പ്പറ്റ: വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി ബാലൻ ഗോകുൽ മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കൽപ്പറ്റ എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവർക്കാണ് സസ്‌പെൻഷൻ. ജാഗ്രതക്കുറവ് ഉണ്ടായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കണ്ടെത്തൽ. ഉത്തര മേഖല റേഞ്ച് ഐജിയുടെ നിർദ്ദേശാനുസരണം ആണ് സസ്പെൻഷൻ.
അതിനിടെ ഗോകുലിന് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമവിരുദ്ധമായാണ് പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ സ്റ്റേഷനില്‍ എത്തിച്ചത്. ആധാര്‍ കാര്‍ഡില്‍ 2007 മെയ് 30 ആണ് ഗോകുലിന്റെ ജനന തീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഗോകുലിന് 17 വയസും 10 മാസവുമാണ് പ്രായം. എഫ്‌ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയത് ഗോകുലിന്റെ ജനനവര്‍ഷം മാത്രമാണ്. ജനനത്തീയതി തെളിയിക്കുന്ന രേഖകളെല്ലാം പൊലീസ് കസ്റ്റഡിയിലാണ്. 17 വയസുകാരനെ പ്രായപൂര്‍ത്തിയായതായി കാട്ടിയത് പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കാനെന്നാണ് ഉയരുന്ന ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുൻപ് ഗോകുലിനേയും പ്രദേശവാസിയായ പെൺകുട്ടിയേയും കാണാതായിരുന്നു. അന്വേഷണത്തിനിടെ മാര്‍ച്ച് 31ന് വൈകിട്ടോടെ ഇരുവരെയും കണ്ടെത്തി. ഇരുവരേയും കല്‍പ്പറ്റയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഗോകുലിനെ പൊലീസ് സ്റ്റേഷനില്‍ തന്നെ നിര്‍ത്തി. ഇതിനിടെ ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് പോയ ഗോകുലിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ പൊലീസുകാര്‍ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.