x
NE WS KE RA LA
Kerala

വടകരയിൽ കാരവാനിൽ രണ്ട് പേർ മരിച്ച സംഭവം: വിഷ വാതക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

വടകരയിൽ കാരവാനിൽ രണ്ട് പേർ മരിച്ച സംഭവം: വിഷ വാതക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം
  • PublishedDecember 24, 2024

വടകര:കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ കാരവനില്‍ രണ്ടു പേർ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു .
സംഭവത്തിൽ മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് അപകടത്തിൽപെട്ടത്. എ സി യുടെ പ്രവർത്തനം നിലച്ചതോടെ എസി ഗ്യാസ് ലീക്കായി വിഷ വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. മരിച്ച രണ്ടുപേരുടെ ഇൻക്വസ്റ്റ് നടപടികൾ ഉച്ചയോടെ പൂർത്തിയാകും. എഡിഎമ്മിൻ്റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടത്തുക. ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് പകല്‍സമയത്തേക്ക് മാറ്റിയതെന്ന് അധിക്യതർ അറിയിച്ചു.
റൂറല്‍ എസ്പി പി നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെടിഡിസി റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ തന്നെയാണ് വണ്ടി നിര്‍ത്തിയത്.
തിരക്കേറിയ റോഡിനു സമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. ഏറെ നേരമായി നിർത്തിയിട്ടിരുന്ന വണ്ടി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *