സൗദിയില്‍ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു


തബൂക്ക്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രം അല്‍ ഉലയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നഴ്‌സുമാരായ രണ്ട് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. വയനാട് സ്വദേശികളും പ്രതിശ്രുതവരനും വധുവുമായ അഖില്‍ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. അല്‍ ഉല സന്ദര്‍ശിച്ച് മടങ്ങവേയായിരുന്നു അപകടം . മരിച്ചവരില്‍ മൂന്നു പേര്‍ സൗദി പൗരന്‍മാരാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച വാഹനം എതിര്‍ദിശയിലെത്തിയ സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
ടീന മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നഴ്സാണ് . പ്രതിശ്രുതവരൻ അഖില്‍ ലണ്ടനില്‍നിന്നു സൗദിയിലെത്തിയതായിരുന്നു. സൗദിയില്‍നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് അപകടം . മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്സിന്‍ ആശുപത്രിയില്‍.