പാനൂരിൽ രണ്ട് തവണ നടുറോഡിൽ സ്ഫോടനം;പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി
കണ്ണൂർ: പാനൂർ കണ്ടോത്തുംചാലിൽ നടുറോഡിൽ സ്ഫോടനം. ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാൽ റോഡിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയാണ് സംഭവം. രണ്ട് തവണയാണ് പൊട്ടിത്തെറിയുണ്ടായത്. നാടൻ ബോംബാണ് എന്നാണ് സംശയം.
കഴിഞ്ഞ ദിവസം രാത്രി പൊട്ടിത്തെറിയുണ്ടായി. ടാറിട്ട റോഡിൽ ചെറിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ പാനൂർ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കടലാസ് കഷ്ണങ്ങളും നാടൻ ബോംബിന്‍റേതെന്ന് സംശയിക്കുന്ന പ്ലാസ്റ്റിക് ആവരണങ്ങളും കണ്ടെടുത്തു.
രണ്ട് ദിവസം മുമ്പ് സമീപത്തെ കുന്നിൽ പ്രദേശത്ത് നിന്നും സ്ഫോടനശബ്ദം കേട്ടിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ജൂൺ 23നും ഇതേ റോഡിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചിരുന്നു. ഏറ് പടക്കമെന്നായിരുന്നു അന്നത്തെ പരിശോധനയിൽ കണ്ടെത്തിയത്. അതിനും മാസങ്ങൾക്ക് മുമ്പ് കണ്ടോത്തുംചാലിൽ ഒരു വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ് ആക്രമവുമുണ്ടായിട്ടുണ്ട്. ഇതിൻ്റെ പിന്നിലാരെന്ന് വ്യക്തമായിട്ടില്ല.
പാനൂർ മേഖലയിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടകവസ്തു നിർമാണം നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തന്നെ മൂളിയാത്തോട് കഴിഞ്ഞ എപ്രിലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.