ഡൽഹിയിൽ പാക് ഭീകരാക്രമണ പദ്ധതി; രണ്ടുപേർ അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ പാക് ചാര സംഘടനയുടെ ആക്രമണ പദ്ധതി രഹസ്യന്വേഷണ ഏജൻസികൾ തകർത്തു. സംഭവത്തിൽ ഐഎസ്ഐ ചാരൻ അൻസാറുൽ മിയ അൻസാരി അടക്കം രണ്ടുപേർ പിടിയിൽ. ഇവരിൽ നിന്ന് നിർണായക രേഖകളും കണ്ടെത്തി. ഡൽഹിയിലെ പാക് ഹൈ കമ്മീഷൻ ഉദ്യോഗസ്ഥരും ശൃംഖലയിൽ ഭാഗമാണെന്നാണ് സൂചനകൾ.
മൂന്ന് മാസത്തെ അന്വേഷണത്തിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്. ഡൽഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ ഈ സംഘം ശേഖരിച്ചിരുന്നു. യൂട്യൂബറായ ജ്യോതി മൽഹോത്ര അടക്കമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്ന ഡാനിഷ്, മുസമ്മിൽ എന്നിവരും ഈ പദ്ധതിയിൽ പങ്കാളികളായിരുന്നു എന്ന് കരുതപ്പെടുന്നു.
ജനുവരിയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ആക്രമണ സാധ്യതയെ സംബന്ധിച്ച് വിവരം ലഭിച്ചത്. ഐഎസ്‌ഐ നിയോഗിച്ച അൻസാറുൽ മിയ അൻസാരി എന്ന ചാരൻ ചില പ്രധാനപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹിയിലെത്തും എന്നായിരുന്നു വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിക്കാനും മറ്റ് നീക്കങ്ങൾ നടത്താനും രഹസ്വാന്വേഷണ വിഭാഗം ഫെബ്രുവരി വരെ കാത്തിരുന്നു. ഫെബ്രുവരി 15ന് ഇയാൾ ഡൽഹിയിലെത്തുകയും വിവരങ്ങൾ കൈപ്പറ്റുകയും ചെയ്തു. ശേഷം തിരിച്ചുപോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. ഒരാൾ കൂടി നിലവിൽ പിടിയിലായതോടെയാണ് വാർത്ത പുറത്തറിഞ്ഞത്.