12 രാജ്യങ്ങൾക്ക് വിലക്ക് : അമേരിക്കയെ സുരക്ഷിതമാക്കാനെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാൻ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിലേക്ക് സമ്പൂർണ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടു. ഇന്ത്യയുടെ അയൽരാജ്യമായ മ്യാൻമാറിലെ പൗരൻമാർക്കും യുഎസിലേക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഭീകരവാദബന്ധം, യുഎസ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റുമായുള്ള സഹകരണത്തിന്റെ അഭാവം, മറ്റു നടപടികളുടെ അപര്യാപ്തത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇറാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിലെ പൗരൻമാർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് യുഎസിലേക്ക് പ്രവേശിക്കാൻ ഭാഗിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ് . ബി-1, ബി-2, ബി-1/ബി-2, എഫ്, എം, ജെ എന്നീ വീസകളായിരിക്കും 7 രാജ്യങ്ങളിലെ പൗരൻമാർക്ക് നിഷേധിക്കുക.
അതേസമയം യാത്രാവിലക്ക് നടപടി യുഎസ് സുപ്രീം കോടതി ശരിവച്ചതാണെന്നും ട്രംപ് വ്യക്തമാക്കി. ‘‘ചിലർ ഇതിനെ ‘ട്രംപ് യാത്രാ വിലക്ക്’ എന്ന് വിളിക്കുന്നു. സുപ്രീം കോടതി ഭീകരരെന്ന് ശരിവച്ചവരെ നമ്മുടെ രാജ്യത്തേക്ക് കടക്കുന്നത് തടയും.’’ – ട്രംപ് പറഞ്ഞു. യാത്രാ നിരോധനം സംബന്ധിച്ച തീരുമാനങ്ങൾ പൂർണമായും പ്രസിഡന്റിന്റെ അധികാര പരിധിക്കുള്ളിലുള്ളതാണെന്ന് യുഎസ് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.