തിരുവനന്തപുരം: മരുന്നും ഉപകരണങ്ങളും വാങ്ങിയതിൽ സർക്കാർ വരുത്തിയ ഭീമമായ കുടിശ്ശികയാണ് സർക്കാർ ആശുപത്രികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലും കെഎംഎസ്‍സിഎൽ വഴിയുമുള്ള പർച്ചേസിലുമായി 2200 കോടിയലധികം രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. പണം കിട്ടാത്തതിനാൽ ആശുപത്രികൾക്ക് മരുന്നും ഉപകരണങ്ങളും വിതരണം ചെയ്യാൻ കരാറുകാർ തയ്യാറല്ല.
അതുപോലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ, കാർഡിയോളജി തുടങ്ങി മറ്റ് വകുപ്പുകളിലും ഉപകരണക്ഷാമം ഉണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോ.ഹാരിസ് ചിറയ്ക്കൽ. സംസ്ഥാന ആരോഗ്യരംഗത്തെ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി. പദ്ധതിയിൽ ചേർന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാൻ ആശുപത്രികൾ ബാധ്യസ്ഥരുമാണ് . ഇതിന് ചെലവാകുന്ന പണം ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നൽകും. ഈ തുക കുടിശ്ശികയായതോടെ ആശുപത്രികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. വിതരണക്കാർ ആശുപത്രികളെ കയ്യൊഴിഞ്ഞിരിക്കുകയാണ്.
കാസ്പിൽ 1200 കോടി രൂപയെങ്കിലും കുടിശ്ശികയുണ്ടെന്നാണ് കണക്കുകൾ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മാത്രം 200 കോടിയോളം രൂപ കിട്ടാനുണ്ട്. പദ്ധതി നടത്തിക്കൊണ്ട് പോകാനോ, വിതരണക്കാർക്കുള്ള കുടിശ്ശിക തീർക്കാനോ പറ്റാതെ മെഡിക്കൽ കോളെജ് ആശുപത്രികൾ വലയുകയാണ്. അതുപോലെ കെഎംഎസ്‍സിഎൽ വിവിധ മരുന്ന്, ഉപകരണ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 1000 കോടിക്കടുത്താണ്.
ഇതിൽ ഉപകരണയിനത്തിൽ 180 കോടി വരെ കുടിശ്ശികയുണ്ട്. പ്രധാന സപ്ലൈയേഴ്സായ പ്രധാന കരാറുകാർക്ക് എല്ലാം പണം കുടിശ്ശികയാണ്. ഇതുമൂലം കിഫ്‌ബി, നബാർഡ് പദ്ധതികളിലൂടെ പൂർത്തിയാക്കിയ ആശുപത്രികൾക്കുവേണ്ട ഉപകരണങ്ങൾ മുഴുവൻ നൽകാനായിട്ടില്ല.
മാർച്ചിൽ നടന്ന ക്വട്ടേഷനിൽ പല പ്രമുഖ കമ്പനികളും പങ്കെടുത്തിട്ടില്ല. അടുത്ത സാമ്പത്തിക വർഷം ഉപകരണക്ഷാമം രൂക്ഷമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . കുട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആരോഗ്യകിരണം പദ്ധതിയും നിലച്ച മട്ടാണ്.