മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിച്ച് ശക്തി തെളിയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി ഇടങ്ങളിൽ സ്ഥാനാർഥികളെ നിർത്തി വിജയിപ്പിക്കാനാകും വിധം സംഘടനയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകും. ജനങ്ങൾക്ക് സ്വീകാര്യനായ, ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ പ്രവർത്തിക്കുന്ന ആളെയാകും സ്ഥാനാർത്ഥിയാക്കുക. മണ്ഡലത്തിൽനിന്നുള്ളയാളാകണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീടുള്ള യോഗങ്ങളിൽ തീരുമാനം .
കേരളത്തിൽ ഭരണത്തിലെത്തുന്ന ഇടത്, വലത് മുന്നണികൾ തുടർച്ചയായി വ്യാപാരികളുടെ അവകാശങ്ങളെ അവഗണിക്കുകയാണെന്നും അതിൽ പ്രതിഷേധിച്ചാണ് മത്സരരംഗത്തിറങ്ങുന്നതെന്നും സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവുഹാജി വ്യക്തമാക്കി.
ഏകോപനസമിതിക്ക് ജില്ലയിൽ ഏറെ സ്വാധീനമുള്ള മണ്ഡലമാണ് നിലമ്പൂർ. ഇവിടെ അംഗങ്ങളും ജീവനക്കാരും കുടുംബാംഗങ്ങളുമായി 15000-ത്തിലധികം വോട്ടർമാരുണ്ട്. അതുപോലെ മുന്നണികളോട് വിയോജിപ്പുള്ളവരുടെ വോട്ടും സമാഹരിക്കാനാവുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 2700 വോട്ടിന്റെ മാത്രം ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മുന്നണികളുടെ വിജയം തീരുമാനിക്കുന്ന ശക്തിയായി മാറാനാകുമെന്നാണ് ഏകോപന സമിതിയുടെ കണക്കുകൂട്ടുന്നു.