കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി; 3 ജില്ലകളിൽ കടൽവെള്ളവും ചെളിയും പരിശോധിക്കുന്നു

കോഴിക്കോട് : കേരളത്തിന്റെ പുറംകടലിൽ അപകടത്തിൽപ്പെട്ട് കത്തിയമർന്ന വാൻ ഹായി 503 കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണിയാകുന്നു. കേരള തീരത്ത് അത് എത്ര ആഘാതം ഉണ്ടാക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും തീരദേശത്തെ കടൽവെള്ളത്തിന്റെ സാംപിളുകൾ പരിശോധിച്ചു തുടങ്ങി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കടൽവെള്ളവും ചെളിയും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
എന്നാൽ കപ്പലിലെ അഗ്നിബാധയ്ക്ക് നിലവിൽ നേരിയ കുറവുണ്ട്. രാത്രി മുഴുവൻ കോസ്റ്റുഗാർഡിന്‍റെ മൂന്നുകപ്പലുകൾ നടത്തിയ ദൗത്യത്തിലാണ് തീ അൽപ്പം കുറഞ്ഞത്. എന്നാൽ പൂർണ്ണമായും അണഞ്ഞിട്ടില്ല. അതുപോലെ കപ്പൽ നിലവിൽ മുങ്ങുന്ന സാഹചര്യത്തിലേക്കെത്തിയിട്ടില്ല. കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കത്തുന്നത് ഭീഷണിയാണ്. ഇന്ധന ടാങ്കിലേക്കടക്കം തീ പടരുമോയെന്നാണ് ആശങ്കയുണ്ടാക്കുന്നത്.
ഡക്കിന്‍റെ മറ്റുഭാഗങ്ങളിലേക്കുകൂടി തീ പടർന്നതോടെ നിരവധി കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ വൈകിട്ടോടെ കടലിലേക്ക് വീണിട്ടുണ്ട്. വേഗത്തിൽ കത്തിപ്പടരുന്ന വസ്തുക്കളിലേക്ക് തീപിടിച്ചാണ് കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചെന്നാണ് അനുമാനം. അതുകൊണ്ടുതന്നെ കപ്പലിന് തൊട്ടടുത്തേക്ക് ചെല്ലാൻ ബുദ്ധിമുട്ടാണ്. ഇന്ധന ടാങ്കിൽ ശേഷിക്കുന്ന ടണ്ണായിരം ടണ്ണോളം ഓയിലും മറ്റൊരു ഭീഷണിയാണ്. തീയണക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് നാവിക സേന വ്യക്തമാക്കി.