ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
പാലക്കാട്: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. വെള്ളിയാഴ്ച രാത്രി ഒൻപതിന് തിരുവാഴിയോട് പെട്രോൾ പമ്പിന് മുൻപിലാണ് അപകടം ഉണ്ടായത്. 22 യാത്രക്കാരും നാല് ജീവനക്കാരുമായി കോഴിക്കോട്ടു നിന്ന് ചെന്നൈയ്ക്ക് പോകുകയായിരുന്ന ‘എ വൺ’ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.
ഓടിക്കൊണ്ടിരിക്കേ വണ്ടിയുടെ മുന്നിൽനിന്ന് പുക ഉയരുന്നത് കണ്ട് ബസ് നിർത്തി ഡ്രൈവർ പരിശോധിക്കുന്നതിനിടെ തീ പടർന്നു പിടിക്കുകയായിരുന്നു . ഉടൻ തന്നെ യാത്രക്കാരെ അടിയന്തരരക്ഷാവാതിൽ വഴി പുറത്തിറക്കുകയായിരുന്നു. ഇതിനിടെ, തീ ബസിനകത്തേക്ക് പടർന്നതോടെ ഒരു യാത്രക്കാരൻ ബസിനുള്ളിൽ കുടുങ്ങി. പിന്നിലെ ചില്ല് തകർത്ത് ഇയാളെ ഉടൻ പുറത്തിറക്കുകയും . തൊട്ടുപിന്നാലെ തീ പൂർണമായും പടർന്നുപിടിക്കുകയായിരുന്നു. കോങ്ങാട്, മണ്ണാർക്കാട് അഗ്നിരക്ഷാസേനയെത്തി 45 മിനിട്ട് പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ബസിന്റെ മുൻഭാഗത്തെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്ന് തീപടർന്നതിനാൽ യാത്രക്കാർക്ക് ബസിന്റെ ചുവട്ടിലെ അറയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ പകുതിമാത്രമാണ് പുറത്തെടുക്കാനായത്. പലരുടെയും ഡ്രൈവിങ് ലൈസൻസടക്കമുള്ള രേഖകൾ കത്തിയമർന്നു . അപകടത്തെത്തുടർന്ന് ഈ ഭാഗത്ത് ഒരുമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു .
തീപിടിച്ചത് പെട്രോൾ പമ്പിന് സമീപത്തായത് ആശങ്ക ഉണ്ടാക്കിയെങ്കിലും നാട്ടുകാരും പമ്പിലെ ജീവനക്കാരും സമയോചിതമായി ഇടപെട്ട് വൻ അപകടം ഒഴിവാക്കി. സംഭവത്തിൽ ശ്രീകൃഷ്ണപുരം പോലീസും സ്ഥലത്തെത്തി. തിരുവാഴിയോട് പെട്രോൾ പമ്പിനുമുൻപിൽ റോഡിന്റെ മറുവശത്താണ് ബസ് നിർത്തിയത്. തീ പടർന്നതിനുപിന്നാലെ പമ്പിന്റെ പ്രവർത്തനം പൂർണമായും നിർത്തിവെക്കുകയായിരുന്നു. ബസിലെ യാത്രക്കാരിൽ പലരും ഉറങ്ങിത്തുടങ്ങിയിരുന്നെങ്കിലും ഞൊടിയിടയിൽ എല്ലാവരെയും പുറത്തിറക്കാനായതും തുണയായി. ചില യാത്രക്കാർ പിന്നാലെവന്ന ബസിൽ യാത്ര തുടർന്നു.