കൊയിലാണ്ടിയിൽ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; മരിച്ച വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. അപകടത്തിൽ മരിച്ച ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം ആരോപിച്ചു. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണെന്നും. ലീല ധരിച്ചിരുന്ന നാല് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായതായി സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. സ്വര്‍ണ മാലയും കമ്മലുകളും ആണ് കാണാതായിരിക്കുന്നത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.