‘ഈ മത്സരം വളരെ പ്രധാനമായിരുന്നു,’കൊല്‍ക്കത്തയുടെ ബാറ്റിങ് യൂണിറ്റില്‍ സന്തോഷമുണ്ട് ;അജിന്‍ക്യ രഹാനെ
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പന്‍ വിജയത്തില്‍ പ്രതികരണവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിന്‍ക്യ രഹാനെ. ‘ഈ മത്സരം കൊല്‍ക്കത്തയ്ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. വലിയ മാര്‍ജിനില്‍ ജയിക്കേണ്ടത് ആവശ്യമായിരുന്നു. ഈഡനില്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു കൊല്‍ക്കത്തയും ആഗ്രഹിച്ചത്. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍, ആറ് ഓവര്‍ വരെ പിടിച്ചുനില്‍ക്കാനും, പിന്നെ ശ്രദ്ധയോടെ കളിക്കാനുമായിരുന്നു ശ്രമിച്ചത്. വിക്കറ്റുകള്‍ ബാക്കിയുണ്ടെങ്കില്‍ അവസാന ഓവറുകളില്‍ ബാറ്റിങ്ങിനെത്തുന്നവര്‍ക്ക് നന്നായി ബാറ്റ് ചെയ്യാന്‍ കഴിയും. പരമാവധി റണ്‍സ് നേടാനാകും.’ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പന്‍ വിജയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിന്‍ക്യ രഹാനെ പ്രതികരിച്ചു.
‘കൊല്‍ക്കത്തയുടെ ബാറ്റിങ് യൂണിറ്റില്‍ സന്തോഷമുണ്ട്. അവസാന രണ്ട് മത്സരങ്ങളിലും കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. പരാജയങ്ങളില്‍ നിന്ന് ഒരുപാട് പഠിച്ചു. റിങ്കുവും വെങ്കിടേഷും മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ളവരാണ്. 15 ഓവര്‍ വരെ സാധാരണയായി കളിച്ച് മുന്നോട്ട് പോകാനായിരുന്നു ശ്രമിച്ചത്. 170-180 റണ്‍സ് ഈ പിച്ചില്‍ നല്ല സ്‌കോറായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് മൂന്ന് മികച്ച സ്പിന്നര്‍മാര്‍ ഉണ്ടായിരുന്നു. മൊയീന്‍ അലിക്ക് നിര്‍ഭാഗ്യവശാല്‍ പന്തെറിയാന്‍ കഴിഞ്ഞില്ല. സുനില്‍ നരേയ്‌നും വരുണും നന്നായി പന്തെറിഞ്ഞു. വൈഭവും ഹര്‍ഷിതും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.’ രഹാനെ മത്സര ശേശം വ്യക്തമാക്കി.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 80 റണ്‍സിന്റെ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് 16.4 ഓവറില്‍ 120 റണ്‍സില്‍ എല്ലാവരും പുറത്തായി.