ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത് തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ മാത്രം മാത്രം ആറ് മാസത്തിനിടെ 35 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതില്‍ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാന്‍ സാധിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരത്തിന് തൊട്ട് പിന്നില്‍ കൊച്ചിയാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ഉയര്‍ന്ന ലാഭം, ഓണ്‍ലൈന്‍ ജോലി വാഗ്ധാനം, വിവിധ ഗെയിമുകള്‍, ലോണ്‍ അപ്പുകള്‍, വ്യാജ ലോട്ടറികള്‍ തുടങ്ങിയ മാര്‍ഗം ഉപയോഗിച്ചാണ് കൂടുതല്‍ പേരില്‍ നിന്നും പണം തട്ടിയത്. ഒരു ആളില്‍ നിന്ന് മാത്രം വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി വരെ തട്ടിയെടുത്തിട്ടുണ്ട്. സ്‌കൈപ് വീഡിയോ കോള്‍ വഴി വെര്‍ച്ച്വല്‍ കസ്റ്റഡിയിലാക്കി പണം തട്ടുന്ന ഫെഡക്സ് മോഡലും തിരുവനനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമായി ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.