പ്ലാൻ 63 യിൽ പിന്നോട്ടില്ല : കോൺഗ്രസിൽ പുതിയ തർക്കം

ദില്ലി : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ‘പ്ലാൻ 63’ക്ക് പിന്തുണ നൽകി ഹൈക്കമാന്റ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻറിൽ നിന്നും ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. 2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് വി ഡി സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്.
കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു എപി അനിൽകുമാർ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശൻറെ പ്ലാൻ 63 എന്നാണ് എതിർചേരിയുടെ പ്രധാന വിമർശനം. അതേ സമയം ഇത്തരം ആശയങ്ങൾ പാർട്ടിയുടെ ഉയർന്ന ഘടകമായ രാഷ്ട്രീയകാര്യസമിതിയിൽ അല്ലാതെ മറ്റെവിടെ ചർച്ച ചെയ്യുമെന്നാണ് സതീശൻ അനുകൂലികളുടെ ചോദ്യം.
കേരളത്തിന്റെ ചുമതലയുളള ദീപ ദാസ്മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ടു. ഒറ്റ പേരിലേക്ക് സംസ്ഥാനത്ത് തന്നെ ചർച്ച പൂർത്തിയാക്കാനാണ് ദീപ ദാസ് മുൻഷിയുടെ ശ്രമം. കെ സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കും തന്റെ പ്ലാനിനുമെതിരായ കൂട്ട വിമർശനമെന്നാണ് സതീശൻ കരുതുന്നത്.