തിരുവനന്തപുരം: സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ് നൽകി. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷം നിലനിൽക്കെയാണ് തീരുമാനം എടുത്തിരിക്കുന്നത്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളിൽ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താൽ സമ്മേളനം സസ്പെൻഡ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മുൻകൈയെടുത്ത് മത്സരങ്ങൾ നടത്തി. വിമതനീക്കങ്ങൾ ചെറുക്കുന്നതിന് വേണ്ടിയായിരുന്നു ഇതെങ്കിൽ ഇത്തവണ അത് വിമത നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിനെതിരെ, ഔദ്യോഗിക പക്ഷത്തിനെതിരെ വരാനുള്ള നീക്കങ്ങൾ മുന്നിൽ കണ്ടാണ് എന്നുള്ളതും പ്രത്യേകതയാണ്. ഓഗസ്റ്റിൽ ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കും. അതിന് മുന്നോടിയായിട്ടാണ് ഈ നീക്കം.