രണ്ടടി എട്ടിഞ്ച് മാത്രമുള്ള ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ പോത്ത്
ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി മഹാരാഷ്ട്രയിലെ മാല്‍വാഡിയിലുള്ള രാധ. രണ്ടടി എട്ടിഞ്ച് മാത്രമാണ് ഈ പോത്തിന്റെ ഉയരം. ഈ കുഞ്ഞന്‍ പോത്തിനെ കാണാന്‍ നിരവധിപേര്‍ എത്തുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയരംകുറഞ്ഞ ജ്യോതി ആംഗെ എന്ന സ്ത്രീയേക്കാള്‍ ഏതാനും ഇഞ്ചുകള്‍ ഉയരം മാത്രമാണ് രാധയ്ക്കുള്ളത്. ഒട്ടുമിക്ക ‘ബേര്‍ഡ് ആന്‍ഡ് ആനിമല്‍’ എക്‌സിബിഷനുകളില്‍ മുഖ്യ ആകര്‍ഷണം ഈ കുഞ്ഞന് പോത്താണ്. കര്‍ഷകനായ ത്രിംബക്ക് ആണ് രാധയുടെ ഉടമസ്ഥന്‍.
2022 ജൂണ്‍ 19നാണ് രാധ ജനിച്ചത്. രണ്ടര വയസ്സായപ്പോഴാണ് ത്രിംബക് രാധയുടെ ഉയരം ശ്രദ്ധിക്കുന്നത്. അപൂര്‍വമാണെന്ന് മനസ്സിലായതോടെ അഗ്രിക്കള്‍ച്ചര്‍ ബിരുദധാരിയായ ത്രിംബക്കിന്റെ മകന്‍ അനികേത് കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ രാധയെ പ്രദര്‍ശിപ്പിച്ചു തുടങ്ങി. 2024 ഡിസംബര്‍ 21ന് സോളാപൂരില്‍ നടന്ന സിദ്ധേശ്വര്‍ കാര്‍ഷിക പ്രദര്‍ശനത്തിലാണ് രാധ ആദ്യമായി പങ്കെടുക്കുന്നത്. ഇപ്പോള്‍ 13 കാര്‍ഷിക പ്രദര്‍ശനങ്ങള്‍ രാധ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ രാധയ്ക്ക് ആരാധകരുമായി. ‘ഞങ്ങളുടെ വീട്ടിലെ ലക്ഷ്മി ദേവിയാണ് രാധ. കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ വിശിഷ്ട വ്യക്തികളുടെ സ്‌നേഹം രാധയ്ക്ക് ലഭിക്കുന്നുണ്ട്’. അനികേത് പറഞ്ഞു.