x
NE WS KE RA LA
Uncategorized

പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

പുൽപ്പള്ളി അമരക്കുനിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
  • PublishedJanuary 17, 2025

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിലെ അമരക്കുനിയിൽ ഭീതി പരത്തിയിരുന്ന കടുവ കൂട്ടിലായി. വ്യാഴാഴ്ച രാത്രിയോടെയാണ്‌ ദേവർഗദ്ദയിൽ ഒരുക്കിയ കൂട്ടിൽ കടുവ കുടുങ്ങിയത്. അഞ്ച് കൂടുകളാണ് കടുവയെ പിടികൂടാനായി വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്നത്. കടുവ എത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കണക്കാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കൂടുകളിലൊന്നിൽ തന്നെ കടുവ കുടുങ്ങുകയും ചെയ്തു.

വനംവകുപ്പിന്‍റെയും വെറ്ററിനറി സംഘത്തിന്റെയും ആർആർടിയുടെയും സംഘങ്ങൾ മയക്കുവെടി വെയ്ക്കാനായി വലിയ തോതിലുള്ള നിരീക്ഷണങ്ങൾ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൂടാതെ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ആളുകൾ പരിഭ്രാന്തിയിൽ തുടരുന്നതിനിടെയാണ് കടുവ കെണിയിൽ കുടുങ്ങിയത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും സ്ഥലത്ത് എത്തി. കടുവയെ പചാടിയിലേക്ക് മാറ്റും. ഹോസ്പേസിലേക്കായിരിക്കും കടുവയെ കൊണ്ടുപോവുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്ന അവസ്ഥയിലായിരുന്ന നാട്ടുകാർക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയായിരുന്നു ഇത്.

ഇതുവരെ അഞ്ച് ആടുകളെയാണ് പ്രദേശത്തു നിന്ന് കടുവ പിടിച്ചത്. തൂപ്രയിൽ ചന്ദ്രന്റെ ആടിനെയാണ് ചൊവ്വാഴ്ച കടുവ പിടിച്ചത്. ആടിനെ കൊന്നത് പിന്നാലെ രണ്ട് തവണ കൂടി കടുവ ഇവിടെ വന്നുവെന്നും ചന്ദ്രൻ പറഞ്ഞു. തെരച്ചിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം 7.20ഓടെ തൂപ്രയിൽ റോഡ് മുറിച്ച് കടക്കുന്ന കടുവയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *