മഴ തുടരും; കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ഒപ്പം അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു .