ന്യൂ ഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സൗദി അറേബ്യ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തി . ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ – ബോയിംഗ് വിമാനത്തിലാണ് ഡൽഹിയിൽ എത്തിയത്. പിന്നാലെ, നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേരും. ഔദ്യോഗിക വിരുന്ന് ഒഴിവാക്കി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയാണ് മോദിയുടെ മടക്ക യാത്ര . കൂടിക്കാഴ്ചയിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയായെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
അതേസമയം ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .
‘പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി ഞാൻ സംസാരിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് അപ്ഡേറ്റ് ലഭിച്ചു’ എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.