x
NE WS KE RA LA
Sports

ഏകദിന പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമായിരിക്കില്ല!

ഏകദിന പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമായിരിക്കില്ല!
  • PublishedNovember 29, 2025

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട് തോല്‍ക്കേണ്ടി വന്ന ഇന്ത്യക്ക് ഏകദിന പരമ്പര തൂത്തുവാരേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയെ പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സൂപ്പര്‍ താരം ശ്രേയസ് അയ്യരുമൊന്നും പരമ്പരയ്ക്കില്ല. ഇടവേളക്ക് ശേഷം റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍, ഋഷഭ് പന്ത് എന്നിവരെല്ലാം ഏകദിനത്തില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യക്ക് കരുത്ത് പകരാന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമുണ്ട്.
മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ ജയിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമായതിനാലും സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയായതിനാലും പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് എഐയുടെ വിലയിരുത്തല്‍. ആദ്യത്തേയും മൂന്നാമത്തേയും മത്സരം ഇന്ത്യ ജയിക്കുമ്പോള്‍ രണ്ടാം മത്സരം ദക്ഷിണാഫ്രിക്ക ജയിക്കുമെന്നാണ് എഐ പ്രവചിക്കുന്നത്.

റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മ യാവും തലപ്പത്തെത്തുകയെന്നാണ് എഐ പ്രവചിക്കുന്നത്. നിലവിലെ ഒന്നാം നമ്പര്‍ ഏകദിന ബാറ്റ്‌സ്മാനാണ് രോഹിത്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി ഉള്‍പ്പെടെ ഏകദിന പരമ്പരയിലെ താരമാകാനും ഹിറ്റ്മാന് സാധിച്ചിരുന്നു. ഈ മികവ് രോഹിത് നിലനിര്‍ത്തുമെന്നാണ് എഐ പറയുന്നത്. ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഇല്ലാത്ത സാഹചര്യത്തില്‍ രോഹിത് ശര്‍മ മികവ് കാട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിക്കറ്റ് വേട്ടക്കാരില്‍ മാര്‍ക്കോ യാന്‍സനും അര്‍ഷ്ദീപ് സിങ്ങും കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നും എഐ പ്രവചിക്കുന്നു. മാര്‍ക്കോ യാന്‍സന്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ അന്തകനായിരുന്നു. ഏകദിന പരമ്പരയിലും യാന്‍സന്‍ ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. താരത്തിന്റെ ബൗണ്‍സ് നിറഞ്ഞ പന്തുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വളരെയധികം പ്രയാസപ്പെടുന്നുണ്ട്. ഇത് ഏകദിനത്തിലും ആവര്‍ത്തിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധിക്കില്ല.

അര്‍ഷ്ദീപ് സിങ് ഇന്ത്യയുടെ ഇടം കൈയന്‍ പേസറാണ്. ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചതിനാല്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായി മാറും. ഇന്ത്യയുടെ പേസ് നിരയെക്കാള്‍ സ്പിന്‍ നിര കരുത്തുകാട്ടേണ്ടതായുണ്ട്. ഇന്ത്യയുടെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമാണെന്ന് തന്നെ പറയാം. ഇതിനെ മറികടക്കാന്‍ ബാറ്റിങ് നിരക്ക് സാധിക്കാത്ത പക്ഷം കാര്യങ്ങള്‍ വളരെ പ്രയാസകരമായിരിക്കും. എന്തായാലും പരിശീലകന്‍ ഗൗതം ഗംഭീറിനടക്കം പരമ്പര നേട്ടം അഭിമാന പ്രശ്‌നമാണ്. ഇന്ത്യ ഏകദിന പരമ്പര തോറ്റാല്‍ ഗംഭീറിന് അധികനാള്‍ പരിശീലകസ്ഥാനത്ത് മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല. ഇതിനോടകം ഗംഭീറിന്റെ നീക്കങ്ങളില്‍ ബിസിസി ഐക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ഏകദിന പരമ്പര കൈവിട്ടാല്‍ ഗംഭീറിന്റെ സ്ഥാനത്തെ അത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നിസംശയം പറയാം.

Leave a Reply

Your email address will not be published. Required fields are marked *