അര്‍ജുനെ കാത്ത് നാട്; അര്‍ജുനെ രക്ഷിക്കുന്നതിനായി കാസര്‍കോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക്
ഷിരൂര്‍: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ രക്ഷിക്കുന്നതിനായി കാസര്‍കോട് നിന്നുള്ള ദുരന്ത നിവാരണ സംഘം അപകട സ്ഥലത്തേക്ക് തിരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് കര്‍ണാടകയിലേക്ക് തിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുകയാണ്. കഴിഞ്ഞ 16-നാണ് അര്‍ജുന്‍ ഓടിച്ച ലോറിയ്ക്ക് മുകളിലൂടെ മണ്ണിടിഞ്ഞ് വീണത്. കര്‍ണാടകയില്‍ നിന്ന് തടിയും കയറ്റി വരുന്നതിനിടെ വിശ്രമിക്കാന്‍ റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഗംഗാവലി നദിയ്ക്ക് സമീപത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
വെള്ളത്തിനടിയില്‍ ലോറിയുണ്ടോ എന്നറിയുന്നതിനായി നാവികസേനയെ സ്ഥലത്തെത്തിക്കുമെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പ്രതികരിച്ചത്. പ്രദേശത്ത് കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. അടിയന്തര ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. അപകടത്തിന് ശേഷം രണ്ട് തവണ അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നതാണ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ നല്‍കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ ഉടന്‍ സ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ ഗോവ നാവികസേനാ ആസ്ഥാനത്ത് നിന്ന് അനുമതി തേടിയിട്ടുണ്ട്.