കരിപ്പൂര്‍ വിമാനം താഴ്ന്ന് പറന്നു, കാറ്റിനെതുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്ന് പോയി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനം താഴ്ന്ന് പറന്നപ്പോള്‍ ഉണ്ടായ കാറ്റിനെത്തുടര്‍ന്നു വീടിന്റെ മേല്‍ക്കൂരയിലെ നാല്‍പതോളം ഓടുകള്‍ മീറ്ററുകളോളം പറന്നു.ചില ഓടുകള്‍ അകത്തെ ഹാളിലേക്കു വീണു. വീടിനകത്തേക്ക് ഓടുകള്‍ വീണ ഭാഗത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. നെടിയിരുപ്പ് മേലേപ്പറമ്പില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീന്‍ ഹാജിയുടെ വീട്ടില്‍ ശനി രാത്രി എട്ടരയോടെയാണു സംഭവം. വിമാനം റണ്‍വേയിലേക്കു പറന്നിറങ്ങിയതിനൊപ്പമായിരുന്നു ഓടുകള്‍ പറന്നും തകര്‍ന്നും വീണതെന്നു മൊയ്തീന്‍ ഹാജിയുടെ മകന്‍ യൂസുഫ് പറഞ്ഞു.
ഉമ്മയോടൊപ്പം ആശുപത്രിയിലേക്കു പോയ സമയത്തായിരുന്നു സംഭവം. ശബ്ദം കേട്ട് സഹോദരി പുറത്തേക്കോടുകയായിരുന്നു. ഈ സമയം കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. ലാന്‍ഡിങ്ങിനായി വിമാനം താഴ്ന്നുപറക്കുന്ന ഭാഗമാണിത്. മുന്‍പ് പലപ്പോഴായി രണ്ടോ മൂന്നോ ഓടുകള്‍ തകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും ഓടുകള്‍ തകരുന്ന സംഭവം ആദ്യമാണെന്നും റവന്യു അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നും യൂസുഫ് പറഞ്ഞു. ടി.വി. ഇബ്രാഹിം എംഎല്‍എ വീട് സന്ദര്‍ശിച്ചു.