‘പെണ്‍ ബറാക് ഒബാമ’; ചരിത്രമെഴുതുമോ അമേരിക്ക, ഡോണള്‍ഡ് ട്രംപിനെതിരെ കമല ഹാരിസ് മത്സരിക്കും
താന്‍ പിന്മാറുകയാണ് കമല ഹാരിസ് മത്സരിക്കും എന്ന് പ്രഖ്യാപിച്ചായിരുന്നു ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ബൈഡന്റെ പിന്‍വാങ്ങല്‍. സ്ഥാനാര്‍ഥിത്വത്തിന് തന്നെ പിന്തുണച്ച ബൈഡന് നന്ദി പറഞ്ഞ കമല ഹാരിസ്, ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിത്വം നേടിയെടുക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. നവംബര്‍ അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തിനായി ഒബാമയുടെ ഭാര്യ മിഷേലിന്റെ പേരും ഉയരുന്നിരുന്നു.
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രം തിരുത്തിയ വനിത കൂടിയാണ്. യു.എസ് വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും ഇന്ത്യന്‍ വംശജയുമാണ് കമല. ഉന്നതപദവികളിലേക്ക് കറുത്തവര്‍ഗക്കാരിയും ഇന്ത്യന്‍ വംശജയുമായ ഒരു സ്ത്രീയുടെ പോരാട്ടചരിത്രം കൂടിയുണ്ട് കമല ഹാരിസ് എന്ന പേരിനൊപ്പം. അതുകൊണ്ടാകാം ആരാധകരില്‍ ചിലര്‍ക്കെങ്കിലും അവര്‍ ‘പെണ്‍ ബറാക് ഒബാമ’യാണ്. മാതാവ് തമിഴ് വേരുകളുള്ള ഇന്ത്യന്‍ വംശജയായ ശ്യാമള ഗോപാലനാണ് പിതാവ് ജമൈക്കന്‍ വംശജന്‍ ഡൊണാള്‍ഡ് ഹാരിസുമാണ്.
പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ വിദ്യാഭ്യാസം നേടിയ കമല നിയമബിരുദവും നേടിയിട്ടുണ്ട്. സാമൂഹ്യ- രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കമല എന്നും. പരമ്പരാഗതമായി അവഗണിക്കപ്പെട്ടവര്‍ക്കുവേണ്ടിയായിരുന്നു അവര്‍ ശബ്ദിച്ചിരുന്നത്. സൗജന്യ വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയവക്കായി കമല ശബ്ദിച്ചു. അത് തന്നെ ആയായിരിക്കാം തെരഞ്ഞെടുപ്പുകളിലും മറ്റും അവര്‍ക്ക് അനുകൂലമായതും.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെടുകയും നവംബര്‍ അഞ്ചിന്റെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ഡിസ്ട്രിക്ട് അറ്റോര്‍ണിയായ ആദ്യ കറുത്തവംശജയാണ് കമല ഹാരിസ്. 2011ല്‍ കലിഫോര്‍ണിയ അറ്റോര്‍ണി ജനറലായപ്പോള്‍ ആ പദവിയിലെത്തിയ ആദ്യ സ്ത്രീയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമായി മാറും. ചരിത്രമെഴുതുമോ അമേരിക്കയില്‍ എന്ന് നമുക്ക് കാത്തിരിക്കാം.