മാലിന്യം റോഡില്‍ തള്ളിയ യുവാവിന് സര്‍പ്രൈസ് ഗിഫ്റ്റുമായി നഗരസഭ

തൃശൂര്‍: മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് തിരികെ അത് തന്നെ പാഴ്‌സലാക്കി നല്‍കി കുന്നംകുളം നഗരസഭ. കഴിഞ്ഞ ദിവസമാണ് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്‌സലാക്കി നഗരസഭാംഗങ്ങള്‍ തിരികെ വീട്ടിലെത്തിച്ച് നല്‍കിയത്.
കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡിലാണ് ഐടിഎ ഉദ്യോഗസ്ഥനായ യുവാവ് മാലിന്യം വലിച്ചെറിഞ്ഞത്. ശുചീകരണ പ്രവര്‍ത്തിനെത്തിയ ആളാണ് വഴിയരികില്‍ പാക്ക് ചെയ്ത് പെട്ടിയിലാക്കിയ മാലിന്യം കണ്ടെത്തുന്നത്. പിന്നാലെ ശുചീകരണ തൊഴിലാളി ഇത് നഗരസഭയെ അറിയിച്ചു. എന്നാല്‍ മാലിന്യം തള്ളിയ പായ്ക്കറ്റില്‍ പേരും അഡ്രസും ഉള്ളതിനാല്‍ നഗരസഭ അധികൃതര്‍ക്ക് കാര്യം എളുപ്പമായി. പിന്നാലെ ഇയാളെ ഫോണില്‍ വിളിച്ച് ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് ലൊക്കേഷന്‍ മനസ്സിലാക്കിയെടുത്ത അധികൃതര്‍ മാലിന്യം പാക്ക് ചെയ്ത് വീട്ടിലെത്തിക്കുകയായിരുന്നു.