കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് പതാക ഉയരും. പരിപാടിയിൽ പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒപ്പം ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. അതിനാൽ 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ കരുനാഗപള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാകില്ല.
സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന കൊല്ലത്ത് വിഭാഗീയത തെരുവിലേക്ക് ഇറങ്ങിയത് നേതൃത്വത്തെ ഞെട്ടിച്ചു.വിഭാഗീയതയുടെ വേരറുക്കുകയാണ് ഈ സമ്മേളന കാലത്തെ ലക്ഷ്യങ്ങളിൽ ഒന്ന്. കൂടാതെ സര്‍ക്കാരിന്‍റെ പ്രവർത്തനം, മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആക്ഷേപങ്ങൾ, പി.വി അൻവറും പി.ശശിയും പിപി ദിവ്യയുംവരെ ഉൾപ്പെട്ട വിവാദങ്ങൾ, തെരഞ്ഞെടുപ്പുകളിലെ പ്രകടനം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ പ്രതിഫലിക്കും.