തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്; കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധി എഴുതി തുടങ്ങുമ്പോൾ ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഇന്ന് വിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണ ദിവസവും കഴിഞ്ഞ് വോട്ടിങ് ദിനത്തിൽ അവസാന മണിക്കൂറുകളും കടന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം അവസാനിച്ചു. ഇവിടങ്ങളിൽ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് രാവിലെ 7 മുതൽ ആരംഭിച്ചിരിക്കുകയാണ്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവർ തിരിച്ചറിയൽ രേഖ കരുതണം, ഒന്നിലധികം വോട്ട് ചെയ്യുന്നതും ആൾമാറാട്ടവും ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നോട്ട സൗകര്യം ഉണ്ടായിരിക്കുന്നതല്ല. വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും. ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക.