മലപ്പുറം: ജില്ലയില്‍ നിപ ഭീതി ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവന്‍ നെഗറ്റീവ് ആയതോടെയാണ് ആശങ്ക ഒഴിയുന്നത്. രോഗലക്ഷണങ്ങളോടെ ഹൈറിസ്‌ക് വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 220 പേരാണ്. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. പൂനെ എന്‍ഐവിയില്‍ നിന്നും വന്ന വിദഗ്ധ സംഘം വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് തുടങ്ങി. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു.
ഇന്നലെ പുറത്ത് വന്ന 17 സാമ്പിളുകള്‍ നെഗറ്റീവാണ്. 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇതില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരുമാണ് ഉള്ളത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദര്‍ശിച്ചത്. അതില്‍ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിപ ബാധിത മേഖലയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എന്‍ഐവിയില്‍ നിന്നുമുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങി. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും.