മേഘയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി കുടുംബം .

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരി മേഘയുടെ മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നിട്ടുണ്ടെന്ന ആരോപണവുമായി പിതാവ് മധുസൂദനന്‍. മകള്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും, മകളുടെ ശമ്പളത്തുക മലപ്പുറം സ്വദേശിയായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . ബാങ്ക് അക്കൗണ്ട് പരിശോധനയിൽ ആണ് ഈ വിവരങ്ങൾ അറിയുന്നത് .മകളുടെ അക്കൗണ്ടിൽ 1000 രൂപ മാത്രം ആണ് ബാക്കി ഉണ്ടായിരുന്നത് .
രാജസ്ഥാനിലെ പരിശീലന ക്ലാസ്സില്‍ മേഘക്കൊപ്പം സുകാന്തും ഉണ്ടായിരുന്നുവെന്നും പിതാവ് ആരോപിച്ചു. 2024 മെയിലാണ് ചെറിയ തുക ആദ്യം മേഘയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നത് . 2024 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ ശമ്പളത്തുകയും മേഘയുടെ അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്ത് തുടങ്ങിയിരുന്നു .
മേഘയുടെ മൊബൈല്‍ ഫോണിലേക്ക് ഒടുവില്‍ വന്ന കോള്‍ സുകാന്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. മകളുടെ മരണകാരണം കൃത്യമായി അറിയണം. സുകാന്താണ് മകളുടെ മരണത്തിന് കാരണമായെങ്കില്‍ നിയമ നടപടി ഉണ്ടാകണം. മകളുടെ കയ്യില്‍ ആഹാരം കഴിക്കാന്‍ പോലും പൈസ ഇല്ലാത്ത അവസ്ഥ ഉണ്ടായി. മകളുടെ ജന്മദിനത്തിന് കേക്ക് വാങ്ങി നല്‍കിയത് കൂട്ടുകാരാണെന്നും പിതാവ് പറഞ്ഞു . ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം മേഘയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ മേഘ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു.