കൗൺസിലർ കലാ രാജുവിൻ്റെ മകനെതിരെയുള്ള പരാതി വ്യാജം ; പൊലീസ്

കൊച്ചി: കൂത്താട്ടുകുളത്ത് സിപിഐഎം പ്രവർത്തകരാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കലാ രാജുവിന്റെ മകനെതിരെയുള്ള പരാതി വ്യാജമെന്ന് പൊലീസ് പറഞ്ഞു. മകൻ ബാലുവിനെതിരെ സിഐടിയു പ്രവർത്തകൻ നൽകിയ പരാതിയാണ് വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. കമ്പിവടികൊണ്ട് ബാലുവും സൃഹുത്തുക്കളും മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഈ സമയത്ത് താൻ എറണാകുളത്തായിരുന്നുവെന്നാണ് ബാലു നൽകിയ മൊഴി.
കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറായ കലാ രാജുവിനെ സ്വന്തം പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോയ സംഭവം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയാണ് തട്ടിക്കൊണ്ട് പോകൽ എന്നായിരുന്നു ആരോപണം. അമ്മയെ കാണാനില്ലെന്ന് കലാ രാജുവിന്റെ മക്കള്‍ പരാതി നല്‍കുകയും. തുടർന്ന് സിപിഐഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസിൽ റിമാൻഡ് ചെയ്യപ്പെട്ട പ്രതികൾക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസിലെ ആറ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. സി പി ഐ എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.