x
NE WS KE RA LA
Uncategorized

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; മാനന്തവാടിയിൽ ഇന്ന് ഹർത്താൽ
  • PublishedJanuary 25, 2025

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ വൈകിട്ടോടെ രാധയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് മാറ്റും. മീൻമുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം നടക്കുക.

നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കടുവ ദൗത്യത്തിനായി ഇന്നെത്തും.

കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

അതേസമയം, മാനന്തവാടി നഗരസഭയിൽ യുഡിഎഫും എസ്ഡിപിഐയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. പഞ്ചാരക്കൊല്ലി നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകി. കൂടാതെ പ്രദേശത്ത് നിരോധനാജ്ഞ തുടരും. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയിൽ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *