ടെമ്പോ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം; പത്ത് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളം കടമറ്റത്ത് ടെമ്പോ ട്രാവലർ തലകീഴായി മറിഞ്ഞ് അപകടം. പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണ്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ രാത്രി 11 മണിയോടെയായിരുന്നു സംഭവം. രാത്രി യാത്രക്കാരുമായി വരികയായിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇവർ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ് ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ മറ്റ് ഒൻപത് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.